Saturday, June 27, 2009

VIMSI- THE GREAT




വിംസി ഒന്നും മറന്നിട്ടില്ല
കോഴിക്കോട്‌: 87 ന്റെ ആരോഗ്യ പ്രശ്‌നങ്ങളെല്ലാം വിംസിക്കുണ്ട്‌.... കേള്‍വിയെയും കാഴ്‌ച്ചയെയുമെല്ലാം പ്രായം തളര്‍ത്തിയിരിക്കുന്നു.പക്ഷേ ഓര്‍മ്മകളിലെ പഴയ മുഹൂര്‍ത്തങ്ങളിലേക്ക്‌ കണ്ണെറിയുമ്പോള്‍ വി.എം ബാലചന്ദ്രന്‍ എന്ന കളിയെഴുത്തുകാരന്‌ ഇന്നും ചെറുപ്പമാണ്‌. മാനാഞ്ചിറയിലെയും കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തിലെയും സുന്ദരമായ അനുഭവങ്ങള്‍ ഇന്നും അദ്ദേഹത്തിന്റെ മനസ്സില്‍ പച്ചയായി കിടപ്പുണ്ട്‌. ഇന്നലെ സംസ്ഥാന സ്‌പോര്‍ട്‌സ്‌ കൗണ്‍സിലിന്റെ ആദരം സ്വീകരിക്കുമ്പോള്‍ കളിയെഴുത്ത്‌ രംഗത്ത്‌ യുവതലമുറയോട്‌ പറയാന്‍ വിംസിക്ക്‌ ഒരു പാട്‌ കാര്യങ്ങളുണ്ടായിരുന്നു. കളിയെഴുത്തില്‍ സത്യം പ്രതിഫലിക്കണം. മൈതാനങ്ങളിലെ സത്യം വായനക്കാരെ പേടിയില്ലാതെ അറിയിക്കണം. ഫുട്‌ബോള്‍ മൈതാനത്ത്‌ കളിക്കാര്‍ മാത്രമല്ല റഫറിയും കളിക്കും. അതെല്ലാം കാണണം. പാര്‍ശ്വവര്‍ത്തനം പാടില്ല-1950 മുതല്‍ കളിയെഴുത്ത്‌ രംഗത്തുളള ആചാര്യന്റെ ഉപദേശങ്ങള്‍.
സംസ്ഥാന സ്‌പോര്‍ട്‌സ്‌ കൗണ്‍സിലും കാലിക്കറ്റ്‌ പ്രസ്‌ ക്ലബും ചേര്‍ന്ന്‌ കഴിഞ്ഞ മാസം കാപ്പാട്‌ ബിച്ച്‌ റിസോര്‍ട്ടില്‍ നടത്തിയ സ്‌പോര്‍ട്‌സ്‌ ജര്‍ണലിസ്‌റ്റ്‌സ്‌ വര്‍ക്ക്‌ഷോപ്പില്‍ വെച്ച്‌ വിംസിയെ ആദരിക്കാന്‍ തീരുമാനിച്ചിരുന്നു. പക്ഷേ അനാരോഗ്യം കാരണം അദ്ദേഹത്തിന്‌ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. ബിലാത്തികുളത്തെ മകന്‍ ഉണ്ണികൃഷ്‌ണന്റെ വീട്ടില്‍ കഴിയുന്ന വിംസിയെ കാണാനും സംസാരിക്കാനും കാലിക്കറ്റ്‌ പ്രസ്സ്‌ ക്ലബ്‌ പ്രസിഡണ്ട്‌ എം. സുധീന്ദ്രകുമാര്‍, സെക്രട്ടറിയും കളിയെഴുത്തുകാരനുമായ കമാല്‍ വരദൂര്‍, ജില്ലാ സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ പ്രസിഡണ്ട്‌ കെ.ജെ മത്തായി, മലയാള മനോരമ അസിസ്‌റ്റന്‍ഡ്‌ എഡിറ്റര്‍ പി.ദാമോധരന്‍, ഫുട്‌ബോള്‍ ലേഖകന്‍ ഭാസി മലാപ്പറമ്പ്‌ തുടങ്ങിയവരെല്ലാമെത്തിയിരുന്നു.
1950 ല്‍ മാതൃഭൂമിയില്‍ സബ്‌ എഡിറ്ററായി ജോലിയില്‍ പ്രവേശിച്ച വിംസി മലയാള കായിക പ്രത്രപ്രവര്‍ത്തന രംഗത്തിന്‌ ദിശാബോധം നല്‍കിയ കളിയെഴുത്തുകാരനാണ്‌. ദിനപ്രഭയിലൂടെയാണ്‌ അദ്ദേഹം പത്രപ്രവര്‍ത്തനം ആരംഭിച്ചത്‌. 1985 ല്‍ അസിസ്‌റ്റന്‍ഡ്‌ എഡിറ്ററായി മാതൃഭൂമിയില്‍ നിന്ന്‌ വിരമിച്ചു. ഭാര്യ കുന്നത്ത്‌ അമ്മിണി ഏതാനും വര്‍ഷം മുമ്പ്‌ മരിച്ചു. കാലിക്കറ്റ്‌ യുനിവേഴ്‌സിറ്റി ക്രിക്കറ്റ്‌ താരമായിരുന്ന ഉണ്ണികൃഷ്‌ണന്‍, സിവില്‍ എഞ്ചിനിയറായ വിജയകൃഷണന്‍, മിനി എന്നിവരാണ്‌ മക്കള്‍.

യുവിജയം
കിംഗ്‌സ്‌റ്റണ്‍: സബീനാ പാര്‍ക്കില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത്‌ 339 റണ്‍സ്‌ സ്വന്തമാക്കാനായിട്ടും വിന്‍ഡീസിനെതിരായ നാല്‌ മല്‍സര ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ എളുപ്പം വിജയിക്കാന്‍ ഇന്ത്യക്കായില്ല. 319 റണ്‍സ്‌ വരെയെത്തി, അവസാനം വരെ ഇന്ത്യയെ മുള്‍മുനയില്‍ നിര്‍ത്തിയാണ്‌ ആതിഥേയര്‍ 20 റണ്‍സിന്‌ പരാജയപ്പെട്ടത്‌. 102 പന്തില്‍ നിന്ന്‌ 131 റണ്‍സുമായി യുവരാജ്‌ സിംഗ്‌ കത്തിക്കയറിയ ദിനത്തില്‍ അത്തരമൊരു പ്രകടനം നടത്താന്‍ വിന്‍ഡീസ്‌ നിരയില്‍ ആര്‍ക്കുമായിരുന്നില്ല. പക്ഷേ വാലറ്റക്കാര്‍ പോലും ഇന്ത്യന്‍ ബൗളിംഗിനെ അനായാസം നേരിട്ടപ്പോള്‍ മല്‍സരം തുല്യ ശക്തികളുടേതായി. സബീനാപാര്‍ക്കില്‍ സാധാരണ ഇത്രയും റണ്‍സ്‌ പിറക്കാറില്ല. ടോസ്‌ നേടിയ ഇന്ത്യക്കായി മധ്യനിര മിന്നിയപ്പോള്‍ വലിയ ടോട്ടല്‍ തന്നെ പിറന്നു. ഈ സ്‌ക്കോറിലേക്കുള്ള യാത്രയുടെ ആദ്യ ഘട്ടങ്ങളിലൊന്നും വിന്‍ഡീസ്‌ പതറിയില്ല. ക്രിസ്‌ ഗെയില്‍, ഡ്വിന്‍ ബ്രാവോ, സര്‍വന്‍, ചന്ദര്‍പോള്‍ എന്നിവര്‍ പുറത്തായിട്ടും പൊരുതാനുറച്ചായിരുന്നു എല്ലാവരുടെയും പോരാട്ടം. ഇംഗ്ലണ്ടില്‍ നടന്ന 20-20 ലോകകപ്പില്‍ സെമി വരെയെത്താന്‍ കരിബീയന്‍ ടീമിനെ സഹായിച്ചത്‌ അവരുടെ പോരാട്ടവീര്യമായിരുന്നു. അതേ പോരാട്ടവീര്യത്തില്‍ അവര്‍ ഇന്ത്യയെ വിറപ്പിച്ചുനിര്‍ത്തിയെന്ന്‌ മാത്രമല്ല, ബൗളിംഗിനെ നാലുപാടും പായിക്കുകയും ചെയ്‌തു.
യുവരാജ്‌ സിംഗാണ്‌ കളിയിലെ കേമനായി തെരഞ്ഞെടുക്കപ്പെട്ടത്‌. ലോകകപ്പിലെ നേരത്തെയുളള പുറത്താവലിന്‌ ശേഷം വിമര്‍ശനങ്ങള്‍ക്ക്‌ നടുവിലായിരുന്ന ഇന്ത്യന്‍ ടീമിന്‌ ഈ വിജയം ആശ്വാസമാണെങ്കിലും ടീമിന്റെ ആത്മവീര്യം ഉയര്‍ത്താന്‍ സാധ്യത കുറവാണ്‌. പരമ്പരയിലെ രണ്ടാം മല്‍സരം ഇതേ വേദിയില്‍ ഇന്ന്‌ നടക്കുമ്പോള്‍ വിന്‍ഡീസ്‌ കടന്നാക്രമണത്തിന്‌ മുതിരുമെന്ന കാര്യത്തില്‍ സംശയമില്ല.
ഷോട്ട്‌ പിച്ച്‌ ഡെലിവറികള്‍ക്ക്‌ മുന്നില്‍ ബാറ്റിംഗ്‌ മറക്കുന്നവരാണ്‌ ഇന്ത്യന്‍ താരങ്ങള്‍ എന്ന സത്യത്തിലായിരുന്നു വിന്‍ഡീസ്‌ ബൗളിംഗ്‌. ഇടവേളക്ക്‌ ശേഷം ടീമില്‍ തിരിച്ചെത്തിയ ജെറോം ടെയ്‌ലര്‍ പോലും ഷോട്ട്‌ പിച്ചിനെയാണ്‌ കാര്യമായി ആശ്രയിച്ചത്‌. ഗൗതം ഗാംഭീറും രോഹിത്‌ ശര്‍മയും പാഠം പഠിക്കാത്ത മടിയന്മാരെ പോലെ ഷോട്ട്‌ പിച്ച്‌ പന്തുകളില്‍ വിന്‍ഡീസ്‌ ഫീല്‍ഡര്‍മാര്‍ക്ക്‌ ക്യാച്ചിംഗ്‌ പ്രാക്ടീസ്‌ നല്‍കി എളുപ്പം മടങ്ങിയപ്പോള്‍ മുന്നില്‍ കണ്ടത്‌ മറ്റൊരു ദുരന്തമായിരുന്നു. രണ്ട്‌ വിക്കറ്റിന്‌ 32 റണ്‍സ്‌ എന്ന നിലയിലാണ്‌ രോഹിത്‌ ശര്‍മ്മ മടങ്ങിയത്‌.
ഈ ഘട്ടത്തില്‍ ദിനേശ്‌ കാര്‍ത്തിക്കിനൊപ്പം ഇന്നിംഗ്‌സിന്‌ ദിശ പകരാനെത്തിയ യുവരാജ്‌ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സുരേഷ്‌ റൈന, വിരേന്ദര്‍ സേവാഗ്‌ എന്നിവരുടെയെല്ലാം അഭാവം നികത്തുന്ന തരത്തില്‍ ബുദ്ധിപൂര്‍വ്വമാണ്‌ കളിച്ചത്‌. ഇന്ത്യന്‍ ബാറ്റിംഗിലെ ന്യൂനതകള്‍ തുറന്നു കാട്ടാന്‍ വൈസ്‌ ക്യാപ്‌റ്റന്‍ ഒരുക്കമായിരുന്നില്ല. കാര്‍ത്തികിനൊപ്പം മൂന്നാം വിക്കറ്റില്‍ 135 റണ്‍സാണ്‌ യുവി കൂട്ടിചേര്‍ത്തത്‌.
വിന്‍ഡീസ്‌ ബൗളര്‍മാരുടെ അച്ചടക്കമില്ലായ്‌മയാണ്‌ യുവരാജിനും കാര്‍ത്തിക്കിനുമെല്ലാം കരുത്തായത്‌. ടെയ്‌ലര്‍ തുടക്കത്തില്‍ നന്നായി പന്തെറിഞ്ഞെങ്കിലും ആ കരുത്ത്‌ നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. 22 എക്‌സ്‌ട്രാ റണ്‍സാണ്‌ ബൗളര്‍മാര്‍ കനിഞ്ഞുനല്‍കിയത്‌. മൂന്ന്‌ തവണ വലിയ നോബോള്‍ എറിഞ്ഞ്‌ ഫ്രീഹിറ്റ്‌ സമ്മാനം ഇന്ത്യക്ക്‌ നല്‍കി. വേഗതയില്‍ മാത്രമായിരുന്നു ടെയ്‌ലറുടെ ശ്രദ്ധ. 92 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിഞ്ഞ്‌ അദ്ദേഹം പലപ്പോഴും ഗാംഭീറിനെ ക്ഷിണിതനാക്കി. ലയല്‍ ബേക്കര്‍, ഡ്വിന്‍ ബ്രാവോ, ഡേവിഡ്‌ ബര്‍നാര്‍ഡ്‌ എന്നിവരായിരുന്നു മറ്റ്‌ പ്രധാന ബൗളര്‍മാര്‍.
കാര്‍ത്തിക്‌ പതുക്കെയാണ്‌ ആരംഭിച്ചത്‌. ഓപ്പണറുടെ സ്ഥാനത്തെ ന്യായീകരിക്കാന്‍ ബൗളര്‍മാരുടെ മികവ്‌ അദ്ദേഹം സസൂക്ഷ്‌മം നീരിക്ഷിച്ചു. അര്‍ദ്ധ സെഞ്ച്വറിയിലേക്ക്‌ തമിഴ്‌നാട്ടുകാരന്‍ പായിച്ച സ്‌കൂപ്പ്‌ ഷോട്ട്‌ മനോഹരമായിരുന്നു. 67 ല്‍ നില്‍ക്കുമ്പോള്‍ ഇതേ ഷോട്ടിന്‌ ശ്രമിച്ച്‌ പക്ഷേ പുറത്തായി. യുവരാജ്‌ സ്‌പിന്നര്‍മാര്‍ ആക്രമണത്തിന്‌ വരുന്നത്‌ വരെ കാത്തിരുന്നു. സുലൈമാന്‍ ബെന്‍, ക്രിസ്‌ ഗെയില്‍ എന്നിവരുടെ സ്‌പിന്‍ ആക്രമണത്തില്‍ 20 മുതല്‍ 27 വരെയുള്ള ഓവറുകളില്‍ 70 റണ്‍സാണ്‌ യുവരാജ്‌ ഇന്ത്യന്‍ സ്‌ക്കോര്‍ബോര്‍ഡിന്‌ സമ്മാനിച്ചത്‌.
മുപ്പത്തിനാലാം ഓവറില്‍ ഇന്ത്യ ബാറ്റിംഗ്‌ പവര്‍ പ്ലേ എടുത്തപ്പോഴും യുവരാജ്‌ അതിവേഗതയില്‍ ബാറ്റ്‌ ചെയ്‌തു. ടെയ്‌ലര്‍ക്കായിരുന്നു കാര്യമായ ശിക്ഷ യുവരാജ്‌ നല്‍കിയത്‌. 62 റണ്‍സാണ്‌ ഈ പവര്‍ പ്ലേ ഓവറുകളില്‍ ഇന്ത്യ നേടിയത്‌. ആദ്യ അഞ്ച്‌ ഓവര്‍ സ്‌പെല്ലില്‍ 16 റണ്‍സ്‌ മാത്രം വഴങ്ങിയ ടെയ്‌ലര്‍ അവസാന അഞ്ച്‌ ഓവറുകളില്‍ 54 റണ്‍സാണ്‌ നല്‍കിയത്‌. അപാര ഫോമില്‍ കളിച്ച യുവരാജ്‌ കത്തിനിന്നപ്പോള്‍ ബൗളര്‍മാര്‍ക്ക്‌ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഒടുവില്‍ ബ്രാവോയുടെ പന്തില്‍ വൈസ്‌ ക്യാപ്‌റ്റന്‍ പുറത്തായി. അടുത്ത പന്തില്‍ രവീന്ദു ജഡേജയും പുറത്തായപ്പോള്‍ വിന്‍ഡീസ്‌ പ്രതീക്ഷ തിരികെ കിട്ടി. പക്ഷേ ക്യാപ്‌റ്റന്‍ ധോണിയും യൂസഫ്‌ പത്താനും തമ്മിലുള്ള സഖ്യം യുവരാജ്‌ സമ്മാനിച്ച വേഗത നിലനിര്‍ത്തി.
വിജയിക്കാന്‍ 340 റണ്‍സ്‌ ആവശ്യമായിരുന്ന വിന്‍ഡീസിന്റെ പ്രതീക്ഷകള്‍ ക്രിസ്‌ ഗെയില്‍ നല്‍കുന്ന തുടക്കത്തിലായിരുന്നു. സ്വതസിദ്ധമായ ശൈലിയില്‍ അതിവേഗം 37 റണ്‍സ്‌ നേടിയ നായകന്‌ പക്ഷേ ആശിഷ്‌്‌ നെഹ്‌റയുടെ ഫുള്‍ ടോസ്‌ വിനയായി. റുനാകോ മോര്‍ട്ടന്‍ ഗെയിലിനെ പോലെ ആക്രമിച്ചു. ആദ്യ പത്ത്‌ ഓവര്‍ പിന്നിടുമ്പോള്‍ വിന്‍ഡീസ്‌ സ്‌ക്കോര്‍ ഒരു വിക്കറ്റ്‌ നഷ്‌ടത്തില്‍ 70 റണ്‍സായിരുന്നു. അമ്പയറുടെ തെറ്റായ തീരുമാനത്തില്‍ മോര്‍ട്ടന്‍ മടങ്ങിയ ശേഷം ആക്രമണം രാം നരേഷ്‌ സര്‍വന്‍ ഏറ്റെടുത്തു. സ്‌പിന്നര്‍മാരെ അനായാസം അതിര്‍ത്തി കടത്തിയാണ്‌ സര്‍വന്‍ കളിച്ചത്‌. യുവരാജിനെതിരെ മല്‍സരത്തിലെ ഏറ്റവും വലിയ സിക്‌സര്‍ നേടിയ സര്‍വന്‍ പക്ഷേ അടുത്ത പന്തില്‍ ഇല്ലാത്ത രണ്ടാം റണ്ണിനായി ഓടി വിക്കറ്റ്‌ തുലച്ചു.
ചന്ദര്‍പോളിന്റേതായിരുന്നു അടുത്ത ഊഴം. യുവരാജിനെതിരെ തുടര്‍ച്ചയായി സിക്‌സറുകള്‍ നേടി അര്‍ദ്ധ സെഞ്ച്വറി തികച്ച ചന്ദര്‍പോള്‍ ഇഷാന്തിനെയും വെറുതെ വിട്ടില്ല. യൂസഫ്‌ പത്താന്റെ പന്തില്‍ സിക്‌സര്‍ നേടിയ ശേഷം അതേ ഷോട്ടിനുളള അടുത്ത ശ്രമത്തില്‍ ചന്ദര്‍പോള്‍ പുറത്തായി. 63 റണ്‍സാണ്‌ ചന്ദര്‍പോള്‍ നേടിയത്‌. ചന്ദര്‍പോള്‍ പുറത്തായപ്പോള്‍ എല്ലാം അവസാനിച്ചുവെന്നാണ്‌ തോന്നിയത്‌. പക്ഷേ വിക്കറ്റ്‌ കീപ്പര്‍ ധനേഷ്‌ രാംദിനും വാലറ്റക്കാരായ ജെറോം ടെയ്‌ലറും ഡേവിഡ്‌ ബര്‍നര്‍ഡും ബാറ്റ്‌ വീശിയെങ്കിലും ഒരട്ടിമറി വിജയത്തിലേക്ക്‌ ടീമിനെ നയിക്കാന്‍ അവര്‍ക്കായില്ല. ഇന്ത്യക്ക്‌ വേണ്ടി യൂസഫ്‌ പത്താന്‍ മൂന്ന്‌ വിക്കറ്റ്‌ നേടി.

സ്‌ക്കോര്‍ബോര്‍ഡ്‌
ഇന്ത്യ: ദിനേശ്‌്‌ കാര്‍ത്തിക്‌-സി-രാംദിന്‍-ബി-ബെര്‍നാര്‍ഡ്‌-67, ഗൗതം ഗാംഭീര്‍-സി-ബ്രാവോ-ബി-ടെയ്‌ലര്‍-13, രോഹിത്‌ ശര്‍മ്മ-സി-ബ്രാവോ-ബി-ബേക്കര്‍-4, യുവരാജ്‌സിംഗ്‌-സി-രാംദിന്‍-ബി-ബ്രാവോ-131, എം.എസ്‌ ധോണി-റണ്ണൗട്ട്‌-41, രവീന്ദു ജഡേജ-സി-രാംദിന്‍-ബി-ബ്രാവോ-0, യൂസഫ്‌ പത്താന്‍-നോട്ടൗട്ട്‌-40,ഹര്‍ഭജന്‍ സിംഗ്‌-നോട്ടൗട്ട്‌-21, എക്‌സ്‌ട്രാസ്‌-22, ആകെ ആറ്‌ വിക്കറ്റിന്‌ 339. വിക്കറ്റ്‌ പതനം: 1-25 (ഗാംഭീര്‍), 2-32 (രോഹിത്‌), 3-167 (കാര്‍ത്തിക്‌), 4-253 (യുവരാജ്‌ സിംഗ്‌),5-253 (ജഡേജ), 6-298 (ധോണി). ബൗളിംഗ്‌: ടെയ്‌ലര്‍ 10-1-74-1, ബേക്കര്‍ 9-0-62-1, ബ്രാവോ 10-0-66-2, ബെര്‍നാര്‍ഡ്‌ 8-0-50-1, ബെന്‍ 10-0-50-0, ഗെയില്‍ 3-0-28-0.
വിന്‍ഡീസ്‌: ഗെയില്‍-സി-ഹര്‍ഭജന്‍-ബി-നെഹ്‌റ-37, മോര്‍ട്ടന്‍-സി-ധോണി-ബി-യൂസഫ്‌-42, സര്‍വന്‍-റണ്ണൗട്ട്‌-45, ചന്ദര്‍പോള്‍ -സി-ജഡേജ-ബി-യൂസഫ്‌-63, ഡ്വിന്‍ ബ്രാവോ-സി-രോഹിത്‌-ബി-ഇഷാന്ത്‌-8, ഡി.എം ബ്രാവോ-സി-യുവരാജ്‌-ബി-ഹര്‍ഭജന്‍-19, ടെയ്‌ലര്‍-എല്‍.ബി.ഡബ്ല്യൂ-ബി-യൂസഫ്‌-21, രാംദിന്‍-സി-ഹര്‍ഭജന്‍-ബി-നെഹ്‌റ-29, ബെര്‍നാര്‍ഡ്‌-സി-രോഹിത്‌-ബി-നെഹ്‌റ-19, ബെന്‍-ബി-യുവരാജ്‌-7, ബേക്കര്‍-നോട്ടൗട്ട്‌-0, എക്‌സ്‌ട്രാസ്‌-29, ആകെ 48.1 ഓവറില്‍ 319.
വിക്കറ്റ്‌ പതനം: 1-65 (ഗെയില്‍), 2-100 (മോര്‍ട്ടന്‍), 3-151 (സര്‍വന്‍), 4-188 (ഡ്വിന്‍ ബ്രാവോ), 5-224 (ചന്ദര്‍പോള്‍), 6-241 (ഡി.എം ബ്രാവോ), 7-250 (ടെയ്‌ലര്‍), 8-294 (ബെര്‍നാര്‍ഡ്‌), 9-318 (ബെന്‍), 10-319 (രാംദിന്‍).
ബൗളിംഗ്‌: ആര്‍.പി സിംഗ്‌ 7-0-44-1, നെഹ്‌റ 7.1-1-49-3, ഇഷാന്ത്‌ 5-0-38-1, ജഡേജ 7-1-34-0, യൂസഫ്‌ 8-0-56-3, ഹര്‍ഭജന്‍ 10-0-56-1, യുവരാജ്‌ 4-0-34-0


ഇന്ന്‌ കലാശം
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: യൂറോപ്യന്‍ ചാമ്പ്യന്മാരായ സ്‌പെയിനും ലാറ്റിമേരിക്കന്‍ ജേതാക്കളായ ബ്രസീലും തമ്മിലൊരു കോണ്‍ഫെഡറേഷന്‍ കപ്പ്‌ ഫൈനലായിരുന്നു ഫുട്‌ബോള്‍ പ്രേമികള്‍ പ്രതീക്ഷിച്ചത്‌. പക്ഷേ 15 രാജ്യാന്തര മല്‍സരങ്ങളില്‍ പരാജയമറിയാതെയെത്തിയ സ്‌പാനിഷ്‌ പടയെ രണ്ട്‌ ഗോളിന്‌ മുക്കിയെത്തിയ അമേരിക്കയാണ്‌ വന്‍കരാ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ന്‌ ബ്രസീലിനെ എതിരിടുന്നത്‌. താരനിരയും മല്‍സര റെക്കോര്‍ഡും അനുഭവസമ്പത്തുമെല്ലാം പരിഗണിച്ചാല്‍ ഫൈനല്‍ ബ്രസീലിന്‌ എളുപ്പം സ്വന്തമാക്കാം. പക്ഷേ-അട്ടിമറികളുടെ കോണ്‍ഫെഡറേഷന്‍ കപ്പില്‍ ഇനിയൊരു അട്ടിമറി കൂടി നടന്നാല്‍ അല്‍ഭുതപ്പെടാനില്ലെന്നാണ്‌ അമേരിക്കന്‍ താരങ്ങള്‍ പറയുന്നത്‌.
ലെന്‍ഡല്‍ ഡോണാവാന്‍ എന്ന വെറ്ററനും ഒരു പിടി യുവതാരങ്ങളുമാണ്‌ അമേരിക്കയുടെ കരുത്ത്‌. എല്ലാവരും എഴുതിത്തള്ളിയ ടീം സെമിഫൈനലില്‍ പ്രകടിപ്പിച്ച വീര്യം ബ്രസിലിനെ പോലും അല്‍ഭുതപ്പെടുത്തിയിട്ടുണ്ട്‌. ഗ്രൂപ്പിലെ എല്ലാ മല്‍സരങ്ങളിലും വ്യക്തമായ മാര്‍ജിനില്‍ വിജയിച്ച സ്‌പെയിനിന്‌ മുന്നില്‍ ശക്തമായ പോരാട്ടവീര്യമാണ്‌ അമേരിക്ക പ്രകടിപ്പിച്ചത്‌. ഗ്രൂപ്പ്‌ ഘട്ടത്തിലെ ആദ്യ രണ്ട്‌ മല്‍സരങ്ങളിലും വലിയ മാര്‍ജിനില്‍ തോറ്റ്‌ നാട്ടിലേക്ക്‌ മടക്ക ടിക്കറ്റ്‌്‌ ബുക്‌ ചെയ്‌തവരായിരുന്നു അമേരിക്ക. അവസാന ഗ്രൂപ്പ്‌ മല്‍സരത്തില്‍ അട്ടിമറി വീരന്മാരായ ഈജിപ്‌തായിരുന്നു പ്രതിയോഗികള്‍. ഈ മല്‍സരത്തില്‍ വലിയ മാര്‍ജിനില്‍ ജയിച്ചാല്‍ മാത്രമായിരുന്നു ടീമിന്‌ പ്രതീക്ഷ. ലോക ചാമ്പ്യന്മാരായ ഇറ്റലിയെ മറിച്ചിട്ട്‌ സെമിയിലേക്ക്‌ കണ്ണും നട്ട്‌ എത്തിയ ഈജിപ്‌തിനെ മൂന്ന്‌ ഗോളിന്‌ അമേരിക്ക വീഴ്‌ത്തിയപ്പോള്‍ അത്‌ വരാന്‍ പോവുന്ന കൊടുങ്കാറ്റിന്റെ സൂചനയാണെന്ന്‌ ആരും കരുതിയില്ല. സെമിയില്‍ സ്‌പെയിനിനെ വീഴ്‌ത്താന്‍ അമേരികക്ക്‌ കരുത്തായത്‌ ഈജിപ്‌തിനെതിരായ വിജയമായിരുന്നു.
അമേരിക്കയെ തങ്ങള്‍ കരുതിയിരിക്കുമെന്ന്‌ ബ്രസീല്‍ കോച്ച്‌ ഡുംഗെ വ്യക്തമാക്കി. ദക്ഷിണാഫ്രിക്കക്കെതിരായ സെമിയില്‍ ബ്രസീല്‍ വിയര്‍ത്തിരുന്നു. പ്രതിരോധ സോക്കര്‍ അമേരിക്ക കാഴ്‌ച്ചവെച്ചാല്‍ അത്‌ തന്റെ മുന്‍നിരക്കാരായ കക്കയെയും റോബിഞ്ഞോയെയുമെല്ലാം തളര്‍ത്തുമെന്ന്‌ ഡുംഗെക്കറിയാം. ഇന്ത്യന്‍ സമയം രാത്രി 12 നാണ്‌ കലാശപ്പോരാട്ടം. ഇ.എസ്‌.പി.എന്നില്‍ തല്‍സമയം. മൂന്നാം സ്ഥാനക്കാരെ കണ്ടെത്താന്‍ സ്‌പെയിനും ദക്ഷിണാഫ്രിക്കയും ഇന്ന്‌ നേര്‍ക്കുനേര്‍ വരുന്നുണ്ട്‌. ഇന്ത്യന്‍ സമയം വൈകീട്ട്‌ 5-25 നാണ്‌ ഈ മല്‍സരം.

പേടിച്ചിരുന്നു
കിംഗ്‌സ്റ്റണ്‍: വിന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത്‌ വലിയ സ്‌ക്കോര്‍ നേടിയപ്പോള്‍ എളുപ്പത്തില്‍ ജയിക്കാമെന്നാണ്‌ കരുതിയതെന്നും എന്നാല്‍ വിന്‍ഡീസ്‌ വാലറ്റത്തിന്റെ ചെറുത്തുനില്‍പ്പ്‌ തന്നെ പേടിപ്പിച്ചതായും ഇന്ത്യന്‍ ക്യാപ്‌റ്റന്‍ മഹേന്ദ്രസിംഗ്‌ ധോണി. ആദ്യ മല്‍സരത്തിന്‌ ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവെ വിന്‍ഡീസിന്റെ ഏഴ്‌ വിക്കറ്റുകള്‍ വീണപ്പോള്‍ കളി ഇന്ത്യന്‍ പക്ഷത്തായി എന്നാണ്‌ കരുതിയതെന്ന്‌ ക്യാപ്‌റ്റന്‍ പറഞ്ഞു. മുന്‍നിരക്കാരായ ഏഴ്‌ പേരാണ്‌ പുറത്തായത്‌. നാല്‍പ്പതാം ഓവര്‍ അവസാനിക്കുമ്പോള്‍ വിജയിക്കാന്‍ 88 റണ്‍സ്‌ വിന്‍ഡീസിന്‌ വേണമായിരുന്നു. മൂന്ന്‌ വിക്കറ്റുകള്‍ മാത്രം ബാക്കി. അടുത്ത അഞ്ച്‌ ഓവറില്‍ 43 റണ്‍സാണ്‌ ടീം നേടിയത്‌. ഡേവിഡ്‌ ബര്‍നാര്‍ഡിന്റെ വിക്കറ്റും പോയി. അവസാന രണ്ട്‌ ഓവറില്‍ 20 റണ്‍സായിരുന്നു ലക്ഷ്യം. ആശിഷ്‌ നെഹ്‌റയാണ്‌ ഈ രണ്ട്‌ വിക്കറ്റും നേടിയത്‌. നെഹ്‌റക്ക്‌ പകരം അവസാന ഓവറുകള്‍ സ്‌പിന്നര്‍ക്ക്‌ നല്‍കുന്നതിനെക്കുറിച്ച്‌ ആലോചിച്ചിരുന്നു. പക്ഷേ പന്ത്‌ റിവേഴ്‌സ്‌ സ്വിംഗ്‌ ചെയ്യുന്നതിനാല്‍ പേസറായിരിക്കും നല്ലതെന്ന്‌ തോന്നി. അങ്ങനെയാണ്‌ നെഹ്‌റക്ക്‌ അവസരം നല്‍കിയത്‌. യുവരാജിന്റെ പ്രകടനമാണ്‌ ടീമിനെ വിജയിപ്പിച്ചതെന്ന്‌്‌ ധോണി സമ്മതിച്ചു. ടീമിന്റെ കാര്യമായ പ്രതീക്ഷ അദ്ദേഹമാണ്‌. യുവരാജ്‌ ഫോമിലെത്തിയാല്‍ വലിയ സ്‌ക്കോര്‍ ഉറപ്പാണ്‌. നല്ല തുടക്കമാണ്‌ യുവിക്ക്‌ വേണ്ടത്‌. നിലയുറപ്പിച്ചാല്‍ മികച്ച റണ്‍നിരക്ക്‌ നിലനിര്‍ത്തി അദ്ദേഹം കളിക്കുമെന്നും ധോണി പറഞ്ഞു. യുവരാജിന്റെ ഇന്നിംഗ്‌സാണ്‌ തോല്‍വിക്ക്‌ കാരണമായതെന്ന്‌ വിന്‍ഡീസ്‌്‌ ക്യാപ്‌റ്റന്‍ ക്രിസ്‌ ഗെയിലും പറഞ്ഞു. ടോസ്‌ നേടിയാല്‍ താനും ബാറ്റിംഗ്‌ തെരഞ്ഞെടുക്കുമായിരുന്നു. അത്രമാത്രം ഫ്‌ളാറ്റായിരുന്നു പിച്ച്‌. യുവരാജ്‌ വലിയ ഇന്നിംഗ്‌സ്‌ കളിച്ചപ്പോള്‍ അതിന്‌ മറുപടി നല്‍കാന്‍ അത്തരത്തിലൊരു ഇന്നിംഗ്‌സ്‌ വിന്‍ഡീസിന്റെ പക്കല്‍ നിന്ന്‌ വേണമായിരുന്നു. പക്ഷേ അതുണ്ടായില്ലെന്നും ഗെയില്‍ പറഞ്ഞു.

ഫെഡ്‌റര്‍
ടെസ്റ്റഡ്‌
ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നിസ്‌ ചാമ്പ്യന്‍ഷിപ്പില്‍ സ്വിറ്റ്‌്‌സര്‍ലാന്‍ഡിന്റെ സൂപ്പര്‍ താരം റോജര്‍ ഫെഡ്‌റര്‍ മുന്നോട്ട്‌. മൂന്നാം റൗണ്ടില്‍ ഇരുപത്തിയേഴാം സീഡ്‌ ജര്‍മനിയുടെ ഫിലിപ്പ്‌ കോള്‍ഷര്‍ബറില്‍ നിന്നും കാര്യമായ വെല്ലുവിളി നേരിട്ട ഫെഡ്‌റര്‍ 6-3, 6-2, 6-7 (5-7), 6-1 എന്ന സ്‌ക്കോറിനാണ്‌ ജയിച്ചത്‌. തുടക്കത്തില്‍ അപാര ഫോമിലായിരുന്ന ഫെഡ്‌റര്‍ക്ക്‌ അവസാനത്തിലാണ്‌ പിഴച്ചത്‌. എല്ലാ മല്‍സരങ്ങളും നേരിട്ടുളള സെറ്റുകളില്‍ നേടാനാണ്‌ താല്‍്‌പ്പര്യമെങ്കിലും ശക്തരായ പ്രതിയോഗികളുടെ സാന്നിദ്ദ്യം മല്‍സരത്തെ ആവേശകരമാക്കുമെന്ന്‌ ഫെഡ്‌റര്‍ പറഞ്ഞു.ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന സാനിയ മിര്‍സ ഇന്നലെ വനിതാ ഡബിള്‍സില്‍ നിന്നും പുറത്തായി.

Tuesday, June 23, 2009

MORTAZA TURN



മൊര്‍ത്തസ നായകന്‍
അഷറഫുല്‍ പടിക്ക്‌ പുറത്ത്‌
ധാക്ക: ബംഗ്ലാദേശ്‌ ക്രിക്കറ്റ്‌ ടീമിന്‌ പുതിയ നായകന്‍. ഓള്‍റൗണ്ടര്‍ മഷ്‌റഫെ മൊര്‍ത്തസക്കാണ്‌ നായകന്റെ തൊപ്പി. ഐ.സി.സി റാങ്കിംഗിലെ നമ്പര്‍ വണ്‍ ഓള്‍റൗണ്ടറായ ഷാക്കിബ്‌ അല്‍ ഹസനാണ്‌ വൈസ്‌ ക്യാപ്‌റ്റന്റെ കുപ്പായം. രണ്ട്‌ വര്‍ഷത്തിലധികമായി ടീമിന്റെ അമരത്ത്‌ തുടരുന്ന മുഹമ്മദ്‌ അഷറഫുലിന്‌ പകരമാണ്‌ പുതിയ നിയമനങ്ങള്‍. ഇംഗ്ലണ്ടില്‍ സമാപിച്ച ഐ.സി.സി 20-20 ലോകകപ്പില്‍ ബംഗ്ലാദേശിന്റെ പ്രകടനം നിരാശാജനകമായതിനെ തുടര്‍ന്ന്‌ നാട്ടില്‍ അഷറഫുലിനെതിരെ വിമര്‍ശനം വ്യാപകമായിരുന്നു എന്നാല്‍ ക്യാപ്‌റ്റന്‍സി വിടാന്‍ താന്‍ ഒരുക്കമല്ലെന്ന്‌ അഷറഫുല്‍ പ്രഖ്യാപിച്ചതിന്‌ പിറകെയാണ്‌ അദ്ദേഹത്തെ മാറ്റി കൊണ്ടുള്ള ബംഗ്ലാദേശ്‌ ക്രിക്കറ്റ്‌ ബോര്‍ഡിന്റെ തീരുമാനം വന്നിരിക്കുന്നത്‌. ക്യാപ്‌റ്റന്‍സിയുടെ ഭാരം കാരണം അഷറഫുലിന്‌ ബാറ്റിംഗില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ലെന്നും ബാറ്റിംഗില്‍ സജീവമാവാനാണ്‌ അദ്ദേഹത്തില്‍ നിന്നും ക്യാപ്‌റ്റന്‍സി മൊര്‍ത്തസക്ക്‌ നല്‍കുന്നതെന്നും ബോര്‍ഡിന്റെ തീരുമാനങ്ങള്‍ വെളിപ്പെടുത്തി മാധ്യമ വക്താവ്‌ മുഹമ്മദ്‌ ജലാല്‍ യൂനസ്‌ അറിയിച്ചു. നായകന്‍ എന്ന നിലയില്‍ അഷറഫുല്‍ നടത്തിയ സേവനങ്ങളോട്‌്‌ ബോര്‍ഡിന്‌ നന്ദിയുണ്ട്‌. പക്ഷേ ബംഗ്ലാദേശ്‌ ലോക ക്രിക്കറ്റിന്‌ സംഭാവന ചെയ്‌ത മികച്ച ബാറ്റ്‌സ്‌മാനാണ്‌ അഷറഫുല്‍. നായകനായ ശേഷം അദ്ദേഹത്തിന്റെ ബാറ്റിംഗ്‌ സ്വതസിദ്ധമായ ശൈലിയില്ലല്ല. അത്‌ കാരണമാണ്‌ അദ്ദേഹത്തില്‍ നിന്നും നായകന്റെ അമിതഭാരം എടുക്കുന്നതെന്നും വക്താവ്‌ വെളിപ്പെടുത്തി.
2007 ജൂണില്‍, ഇരുപത്തി രണ്ടാമത്തെ വയസ്സിലാണ്‌ അഷറഫുല്‍ ബംഗ്ലാദേശ്‌ ടീമിന്റെ നായകനാവുന്നത്‌. ഹബിബുല്‍ ബഷറില്‍ നിന്നും നായകസ്ഥാനം യുവതാരമായ അഷറഫുലിന്‌ നല്‍കുമ്പോള്‍ ക്രിക്കറ്റ്‌ അധികാരികള്‍ക്ക്‌ വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ 38 ഏകദിനങ്ങളില്‍ അഷറഫുലിന്‌ കീഴില്‍ ബംഗ്ലാദേശ്‌ കളിച്ചപ്പോള്‍ ജയിക്കാനായത്‌ എട്ടെണ്ണത്തില്‍ മാത്രമാണ്‌. ഈ എട്ട്‌ വിജയങ്ങള്‍ തന്നെ ദുര്‍ബലരായ എതിരാളികള്‍ക്കെതിരെയും. ടീമിന്‌ ഒരു ടെസ്‌റ്റ്‌ വിജയം സമ്മാനിക്കാന്‍ അഷറഫുലിന്‌ കഴിഞ്ഞതുമില്ല. 13 ടെസ്റ്റുകളിലാണ്‌ അദ്ദേഹത്തിന്‌ കീഴില്‍ ടീം കളിച്ചത്‌. പന്ത്രണ്ടിലും പരാജയപ്പെട്ടു. നായകന്‍ എന്ന നിലയില്‍ മാത്രമല്ല ടീമിലെ പ്രധാന ബാറ്റ്‌സ്‌മാന്‍ എന്ന നിലയിലും അദ്ദേഹത്തിന്‌ കാര്യമായ സംഭാവനകള്‍ നല്‍കാന്‍ കഴിഞ്ഞില്ല. ടെസ്റ്റില്‍ അദ്ദേഹത്തിന്റെ ബാറ്റിംഗ്‌ ശരാശരി 22.58 ഉം ഏകദിനങ്ങളില്‍ 25.60 വും ആയിരുന്നു.
നായകനായ അഷറഫുലിന്റെ ഏറ്റവും വലിയ നേട്ടം 2007 ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന 20-20 ലോകകപ്പില്‍ ടീം രണ്ടാം റൗണ്ടില്‍ കടന്നത്‌ മാത്രമാണ്‌. പക്ഷേ അഷറഫുല്‍ ടീമിനെ നയിച്ചിറങ്ങിയ പതിനൊന്ന്‌ 20-20 മല്‍സരങ്ങളില്‍ രണ്ടില്‍ മാത്രമായിരുന്നു വിജയം. ഇത്തവണ ഇംഗ്ലണ്ടില്‍ ഒരു മല്‍സരം പോലും ജയിക്കാന്‍ ടീമിനായില്ല. ആദ്യ മല്‍സരത്തില്‍ ഇന്ത്യയോട്‌ തോറ്റപ്പോള്‍ രണ്ടാം മല്‍സരത്തില്‍ അയര്‍ലാന്‍ഡിന്‌ മുന്നില്‍ നാണം കെട്ടു.
വരാനിരിക്കുന്ന സിംബാബ്‌വെ, വിന്‍ഡീസ്‌ പര്യടനങ്ങള്‍ക്കുളള ടീമിനെയാണ്‌ മൊര്‍ത്തസ നയിക്കുന്നത്‌. ദീര്‍ഘകാലമായി ടീമിന്റെ ശക്തനായ ഓള്‍റൗണ്ടറാണ്‌ മൊര്‍ത്തസ. പുതിയ പന്തില്‍ അപകടകരമായി പന്തെറിയുന്ന അദ്ദേഹം വാലറ്റത്തില്‍ കൂറ്റനടിക്കാരനായ ബാറ്റ്‌സ്‌മാനുമാണ്‌. 2007 ല്‍ വിന്‍ഡീസില്‍ നടന്ന ലോകകപ്പില്‍ ഇന്ത്യ ആദ്യ റൗണ്ടില്‍ തന്നെ പുറത്താവാന്‍ കാരണം മൊര്‍ത്തസയായിരുന്നു. നാല്‌ വിക്കറ്റാണ്‌ ഇന്ത്യക്കെതിരായ മല്‍സരത്തില്‍ മൊര്‍ത്തസ സ്വന്തമാക്കിയത്‌. മിര്‍പ്പൂരില്‍ കഴിഞ്ഞ വര്‍ഷം ന്യൂസിലാന്‍ഡിനെതിരെ നടന്ന മല്‍സരത്തില്‍ ബംഗ്ലാദേശ്‌്‌ വിജയിച്ചതും മൊര്‍ത്തസയുടെ മികവിലായിരുന്നു.
ജൂലൈ മൂന്ന്‌ മുതലാണ്‌ ബംഗ്ലാ സംഘം വിന്‍ഡീസ്‌ പര്യടനം ആരംഭിക്കുന്നത്‌. വിന്‍ഡീസ്‌ എ ടീമിനെതിരെ ത്രിദിന വാം അപ്പ്‌ മല്‍സരം കളിച്ച്‌ പര്യടനം ആരംഭിക്കുന്ന ടീം രണ്ട്‌ ടെസ്റ്റുകളിലും മൂന്ന്‌ ഏകദിനങ്ങളിലും ഒരു 20-20 മല്‍സരത്തിലും ക്രിസ്‌ ഗെയിലിന്റെ ടീമിനെ നേരിടും.

ഇന്ത്യയെ ഭയമുണ്ട്‌
സെന്റ്‌ ലൂസിയ: മഹേന്ദ്രസിംഗ്‌ ധോണിയുടെ ഇന്ത്യ ഐ.സി.സി 20-20 ലോകകപ്പില്‍ നാണംകെട്ട്‌ പുറത്തായി എന്നത്‌ സത്യം, സച്ചിന്‍ ടെണ്ടുല്‍ക്കറും സഹീര്‍ഖാനും വിരേന്ദര്‍ സേവാഗുമെല്ലാം ഏകദിന ടീമില്‍ കളിക്കുന്നില്ല എന്നതും സത്യം-പക്ഷേ വിന്‍ഡീസ്‌ ക്യാപ്‌റ്റന്‍ ക്രിസ്‌ ഗെയില്‍ ഇന്ത്യയെ ദുര്‍ബലരായി കാണുന്നില്ല. വെള്ളിയാഴ്‌ച്ച ആരംഭിക്കുന്ന ഏകദിന പരമ്പരക്ക്‌ മുന്നോടിയായി സംസാരിക്കവെ ഇന്ത്യ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ശക്തിയാണെന്നും കാര്യമായ വെല്ലുവിളി തന്റെ ടീം പ്രതീക്ഷിക്കുന്നതായും വിന്‍ഡീസ്‌ നായകന്‍ പറഞ്ഞു.
വിന്‍ഡീസിനെതിരെ കളിക്കുന്ന ഇന്ത്യന്‍ ടീം ദുര്‍ബലമാണെന്ന വ്യഖ്യാനത്തില്‍ കഴമ്പില്ലെന്നാണ്‌ ഗെയില്‍ വ്യക്തമാക്കുന്നത്‌. അനുഭവസമ്പന്നരായ സച്ചിനും സഹീറും സേവാഗും ടീമില്‍ കളിക്കുന്നില്ല. പക്ഷേ ശക്തരായ യുവതാരങ്ങള്‍ ഇന്ത്യന്‍ സംഘത്തിലുണ്ട്‌. ഏത്‌ ബൗളിംഗിനെ നേരിടാനും അവര്‍ക്കറിയാം. 20-20 ലോകകപ്പിലെ ചില ഇന്ത്യന്‍ യുവതാരങ്ങളുടെ പ്രകടനം താന്‍ സസൂക്ഷ്‌മം നിരീക്ഷിച്ചതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യക്കെതിരായ ആദ്യ രണ്ട്‌ ഏകദിനങ്ങള്‍ക്കുളള വിന്‍ഡീസ്‌ ടീമിനെ ഇന്നലെ പ്രഖ്യാപിച്ചു. ഫോമിലുളള സീമര്‍ ഫിഡല്‍ എഡ്‌വാര്‍ഡ്‌ ടീമില്‍ കളിക്കുന്നില്ല. ലോകകപ്പിനിടെ പറ്റിയ പരുക്കില്‍ അദ്ദേഹം ചികില്‍സയിലാണ്‌. ഡാരന്‍ ബ്രാവോ, നാര്‍ലസിംഗ്‌ ദിനനാരായണ്‍ എന്നി പുതിയ താരങ്ങള്‍ ടീമിലെത്തിയിട്ടുണ്ട്‌.
ലോകകപ്പില്‍ വിന്‍ഡീസ്‌ ടീം നടത്തിയ പ്രകടനത്തില്‍ ഗെയില്‍ സന്തോഷവാനാണ്‌. ലോകകപ്പ്‌ പോലെ വലിയ ഒരു ചാമ്പ്യന്‍ഷിപ്പില്‍ സെമിഫൈനല്‍ വരെ കളിക്കാനായി. ലോകകപ്പിന്‌ മുമ്പ്‌ ഇംഗ്ലണ്ടിനെതിരെ ഒരു ടെസ്റ്റും ഏകദിന പരമ്പരയും കളിച്ചിരുന്നു. രണ്ട്‌ പരമ്പരകളിലും പരാജയപ്പെട്ടാണ്‌ ടീം ലോകകപ്പില്‍ കളിച്ചത്‌. ഓസ്‌ട്രേലിയയെ പോലെ ശക്തമായ ടീമിനെതിരെ തുടക്കത്തില്‍ തന്നെ വന്‍ വിജയവും കരസ്ഥമാക്കാനായി. ലോകകപ്പ്‌ വിന്‍ഡീസില്‍ എത്തിക്കാന്‍ കഠിന പരിശ്രമമാണ്‌ എല്ലാവരും നടത്തിയത്‌. പക്ഷേ സെമിയില്‍ ലങ്കക്കെതിരെ പിഴച്ചു. സെമി വരെ വിന്‍ഡീസ്‌ എത്തുമെന്ന്‌ കരുതിയവര്‍ കുറവായിരിക്കും. എല്ലാവരും ഏക മനസ്സോടെയാണ്‌ പൊരുതിയത്‌. വിന്‍ഡീസുകാര്‍ക്ക്‌ ദീര്‍ഘകാലത്തിന്‌ ശേഷം ഒരു ലോകകപ്പ്‌ സമ്മാനിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അത്‌ വലിയ നേട്ടമാവുമായിരുന്നെന്നും ഗെയില്‍ പറഞ്ഞു.
ഇന്ത്യന്‍ ടീം ശക്തമായ വെല്ലുവിളി ഉയര്‍ത്തുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന്‌ വിന്‍ഡീസ്‌ സീനിയര്‍ താരം രാം നരേഷ്‌ സര്‍വനും പറഞ്ഞു

മൂന്ന്‌ ഇന്ത്യന്‍ താരങ്ങള്‍ വിസയില്ല
ലണ്ടന്‍: മഹേന്ദ്രസിംഗ്‌ ധോണിയും സംഘവും ഇംഗ്ലണ്ടില്‍ നിന്നും നേരിട്ട്‌ വിന്‍ഡീസിലെത്തിയിട്ട്‌ ദിവസങ്ങളായി. പക്ഷേ ടീമില്‍ അംഗങ്ങളായ മുരളി വിജയ്‌, എസ്‌.ബദരീനാഥ്‌, അഭിഷേക്‌ നായര്‍ എന്നിവര്‍ ഇപ്പോഴും ലണ്ടില്‍ തന്നെ തങ്ങുകയാണ്‌. ഇവര്‍ ലോകകപ്പ്‌ സംഘത്തില്‍ അംഗങ്ങളല്ലായിരുന്നു. ലണ്ടനില്‍ എത്തിയപ്പോള്‍ ട്രാന്‍സിറ്റ്‌ വിസ ലഭിച്ചില്ല. ഇത്‌ കാരണമാണ്‌ താരങ്ങള്‍ ലണ്ടനില്‍ തങ്ങുന്നത്‌. ഇന്ന്‌ ട്രാന്‍സിറ്റ്‌ വിസ ശരിയാവുമെന്നും ഉടന്‍ തന്നെ താരങ്ങള്‍ക്ക്‌ വിന്‍ഡീസിലേക്ക്‌ പോവാന്‍ കഴിയുമെന്നും ക്രിക്കറ്റ്‌ ബോര്‍ഡ്‌ വൃത്തങ്ങള്‍ മുംബൈയില്‍ പറഞ്ഞു. കിംഗ്‌സ്റ്റണിലെ സബീനാപാര്‍ക്കില്‍ വെള്ളിയാഴ്‌ച്ചയാണ്‌ പരമ്പരയിലെ ആദ്യ മല്‍സരം നടക്കുന്നത്‌.

ശക്തരായി സ്‌പെയിന്‍, പതര്‍ച്ചയോടെ യു.എസ്‌
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: ഫിഫ ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരായ സ്‌പെയിന്‍ കോണ്‍ഫെഡറേഷന്‍സ്‌ കപ്പ്‌ ഫുട്‌ബോളിന്റെ ആദ്യ സെമിയില്‍ ഇന്ന്‌ കോണ്‍കാകാഫിലെ കരുത്തായ അമേരിക്കയുമായി കളിക്കുന്നു. ലോക സോക്കറില്‍ അതിശക്തരായി മുന്നേറുന്ന സ്‌പെയിനിന്‌ മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ അമേരിക്കന്‍ സംഘത്തിന്‌ കഴിയുന്ന കാര്യം സംശയത്തിലാണ്‌. ഗ്രൂപ്പ്‌ ഘട്ടത്തില്‍ കളിച്ച മല്‍സരങ്ങളില്ലെല്ലാം കരുത്ത്‌ പ്രകടിപ്പിച്ചവരാണ്‌ സ്‌പാനിഷ്‌ സംഘം. അമേരിക്കയാവട്ടെ ആദ്യ രണ്ട്‌ കളികളിലും പരാജയപ്പെട്ട്‌ , അവസാന മല്‍സരത്തില്‍ ഈജിപ്‌തിനെ പരാജയപ്പെടുത്തി ഭാഗ്യത്തിന്റെ അകമ്പടയില്‍ കയറി വന്നവരാണ്‌. ഇറ്റലിക്കും ബ്രസീലിനും മുന്നില്‍ കളി മറന്ന ലെന്‍ഡാല്‍ ഡോണോവാന്റെ സംഘം നിര്‍ണ്ണായകമായ അവസാന മല്‍സരത്തില്‍ മൂന്ന്‌ ഗോളിന്‌ ഈജിപ്‌തിനെ പരാജയപ്പെടുത്തി ശോള്‍ ശരാശരിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ്‌ ടിക്കറ്റ്‌ നേടിയത്‌.
സ്‌പാനിഷ്‌ നിരയില്‍ ഗോള്‍ക്കീപ്പര്‍ കാസിയാസ്‌ മുതല്‍ എല്ലാവരും സൂപ്പര്‍ താരങ്ങളാണ്‌. യൂറോപ്പിലെ വമ്പന്‍ ക്ലബുകള്‍ക്ക്‌ കളിക്കുന്ന അതിവേഗക്കാരായ താരങ്ങള്‍ക്ക്‌ അനുഭവസമ്പത്തുമുണ്ട്‌. ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മല്‍സരത്തില്‍ ന്യൂസിലാന്‍ഡിന്റെ വലയില്‍ അഞ്ച്‌ തവണയാണ്‌ കാളപ്പോരിന്റെ നാട്ടുകാര്‍ പന്ത്‌ എത്തിച്ചത്‌. ഫെര്‍ണാണ്ടോ ടോറസും സാവിയുമെല്ലാം കളം മിറഞ്ഞ മല്‍സരത്തില്‍ ഓഷ്യാനയുടെ പ്രതിനിധികളായി കിവിസീന്‌ കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. രണ്ടാം മല്‍സരത്തില്‍ ഏഷ്യന്‍ പ്രതിനിധികളായ ഇറാഖിന്‌ മുന്നില്‍ സ്‌പെയിന്‍ വിയര്‍ത്തിരുന്നു. പക്ഷേ ഒരു ഗോളിന്‌ വിജയിക്കാനായി. ആതിഥേയരായ ദക്ഷിണാഫ്രിക്ക സ്‌പെയിനിനെതിരെ പൊരുതി നിന്നു.
അമേരിക്കന്‍ സംഘത്തിന്‌ ആഫ്രിക്കന്‍ കാലാവസ്ഥയില്‍ അതിവേഗ സോക്കറിന്‌ കഴിയുന്നില്ല. രണ്ട്‌ മല്‍സരത്തില്‍ ടീം തോല്‍ക്കാന്‍ കാരണം ഇതായിരുന്നു.

നല്ല കാലം
ലാഹോര്‍: ലോകകപ്പ്‌ നേട്ടം പാക്കിസ്‌താന്‍ ക്രിക്കറ്റിന്‌ നല്ല കാലമാവുന്നു. ശക്തരായ പ്രതിയോഗികളെയെല്ലാം പരാജയപ്പെടുത്തി രാജകീയമായി ലോകകപ്പില്‍ മുത്തമിട്ട പാക്‌ ടീമിലെ താരങ്ങള്‍ക്ക്‌ വീണ്ടും അവസരമൊരുക്കുകയാണ്‌ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഉടമകള്‍. 2008 ല്‍ ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയ രാജസ്ഥാന്‍ റോയല്‍സിന്റെ സൂപ്പര്‍ ബൗളര്‍ സുഹൈല്‍ തന്‍വീര്‍ അടുത്ത മാസം ലോര്‍ഡ്‌സില്‍ മിഡില്‍സക്‌സിനെതിരായ മല്‍സരത്തില്‍ റോയല്‍സിനായി കളിക്കുമെന്നാണ്‌ സൂചനകള്‍. ആദ്യ ഐ.പി.എല്‍ സീസണില്‍ കളം നിറഞ്ഞ പാക്കിസ്‌താന്‍ താരങ്ങള്‍ക്ക്‌ രണ്ടാം ഐ.പി.എല്ലില്‍ സ്ഥാനമുണ്ടായിരുന്നില്ല. ഇന്ത്യയിലാണ്‌ മല്‍സരങ്ങളെന്ന പേരില്‍ പാക്‌ താരങ്ങള്‍ക്ക്‌ പാക്‌ വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിക്കുകയായിരുന്നു. മുംബൈ സംഭവത്തിന്‌ ശേഷം ഉലഞ്ഞ ഇന്ത്യ-പാക്‌ ക്രിക്കറ്റ്‌ ബന്ധത്തെ തുടര്‍ന്നാണ്‌ പാക്കിസ്‌താന്‍ സ്വന്തം താരങ്ങളെ വിലക്കിയത്‌.
ഇന്ത്യയില്‍ തെരഞ്ഞെടുപ്പ്‌ സമയമായതിനാല്‍ ഐ.പി.എല്‍ മല്‍സരങ്ങള്‍ ദക്ഷിണാഫ്രിക്കയിലേക്ക്‌ മാറ്റിയെങ്കിലും പാക്കിസ്‌താന്‍ താരങ്ങള്‍ക്ക്‌ ടീം ഉടമകള്‍ അവസരം നല്‍കിയില്ല. ലോകകപ്പ്‌ നേട്ടത്തിന്‌ ശേഷം പാക്‌ താരങ്ങളെ സമീപിക്കാന്‍ ഐ.പി.എല്‍ ടീം ഉടമകള്‍ തീരുമാനിച്ചിരിക്കയാണ്‌. സുഹൈല്‍ തന്‍വീര്‍ ലോര്‍ഡ്‌സില്‍്‌ കളിക്കാന്‍ സാധ്യതയുണ്ടെന്ന്‌ റോയല്‍സിന്റെ ഉടമകളിലൊരാളായ മനോജ്‌ ബദാലെ പറഞ്ഞു. മിഡില്‍സക്‌സ്‌ കഴിഞ്ഞ സീസണിലെ ഇംഗ്ലീഷ്‌ 20-20 ചാമ്പ്യന്മാരാണ്‌.
2010 മാര്‍ച്ചില്‍ ഇന്ത്യയില്‍ നടക്കുന്ന അടുത്ത ഐ.പി.എല്ലില്‍ പാക്കിസ്‌താന്‍ താരങ്ങള്‍ കളിക്കുന്നതില്‍ വിരോധമില്ലെന്ന്‌ ഐ.പി.എല്‍ ചെയര്‍മാന്‍ ലളിത്‌ മോഡി പറഞ്ഞു. പാക്‌ താരങ്ങള്‍ കളിക്കുന്ന കാര്യത്തില്‍ രണ്ട്‌ രാജ്യത്തെയും സര്‍ക്കാരുകളാണ്‌ തീരുമാനമെടുക്കേണ്ടത്‌. പാക്കിസ്‌താന്‍ താരങ്ങളുടെ സേവനം ലഭിക്കുകയാണെങ്കില്‍ അത്‌ ഉപയോഗപ്പെടുത്തുന്നതില്‍ സന്തോഷമാണുളളതെന്ന്‌ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സും ഡല്‍ഹി ഡെയര്‍ഡെവിള്‍സും വ്യക്തമാക്കി.

വീനസ്‌ ജയിച്ചു
ലണ്ടന്‍: സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ സ്‌റ്റെഫാനി വോഗെലിനെ നേരിട്ടുളള സെറ്റുകളില്‍ പരാജയപ്പെടുത്തി നിലവിലുളള ജേത്രി അമേരിക്കയുടെ വീനസ്‌ വില്ല്യാംസ്‌ വിംബിള്‍ഡണ്‍ ടെന്നിസ്‌ വനിതാ വിഭാഗം സിംഗിള്‍സില്‍ ആദ്യ റൗണ്ട്‌ പിന്നിട്ടു. സെന്റര്‍ കോര്‍ട്ടില്‍ നടന്ന മല്‍സരത്തില്‍ 6-3, 6-2 എന്ന സ്‌ക്കോറിനാണ്‌ വീനസ്‌ വിജയിച്ചത്‌. തകര്‍പ്പന്‍ ഫോമിലായിരുന്ന സൂപ്പര്‍ താരത്തിന്‌ മല്‍സരം ജയിക്കാന്‍ 73 മിനുട്ട്‌ മാത്രമാണ്‌ വേണ്ടി വന്നത്‌. രണ്ടാം റൗണ്ടില്‍ വീനസിന്റെ പ്രതിയോഗി കാതറിന ബൊന്‍ഡാരങ്കോയാണ്‌. പുരുഷ വിഭാഗത്തില്‍ അഞ്ചാം സീഡ്‌ ജുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പോട്രോ 6-3, 6-1, 6-2 എന്ന സ്‌ക്കോറിന്‌ അര്‍ഡനോള്‍ഡ്‌ കലെമന്‍ഡിനെ പരാജയപ്പെടുത്തി അടുത്ത റൗണ്ടിലെത്തി. ശക്തമായ ബേസ്‌ ലൈന്‍ ഗെയിം കാഴ്‌ച്ചവെച്ചാണ്‌ അര്‍ജന്റീനിയന്‍ താരം വിജയം വരിച്ചത്‌. പത്താം സീഡും ഫ്രഞ്ച്‌ ഓപ്പണ്‍ സെമി ഫൈനലിസ്റ്റുമായ ഫെര്‍ണാണ്ടോ ഗോണ്‍സാലസ്‌ റഷ്യയുടെ തൈമറസ്‌ ഗബാഷവിലിയെ തോല്‍പ്പിച്ച്‌ അടുത്ത ഘട്ടത്തിലെത്തി. സ്‌ക്കോര്‍ 7-5, 7-5, 6-3. തുടക്കത്തില്‍ പതറിയ ജര്‍മനിയുടെ ഇരുപത്തിനാലാം സീഡ്‌ താരം ടോമി ഹാസ്‌ പൊരുതിയ ഓസ്‌ട്രിയയുടെ അലക്‌സാണ്ടര്‍ പെയയെ പരാജയപ്പെടുത്തി.