Monday, July 6, 2009

DRAVID AGAIN



ദ്രാവിഡ്‌ സാധ്യതാ സംഘത്തില്‍
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനായി നടത്തിയ മികച്ച ബാറ്റിംഗ്‌ പ്രകടനവും, ഷോട്ട്‌ പിച്ച്‌ പന്തുകള്‍ക്ക്‌ മുന്നില്‍ ഇന്ത്യന്‍ മുന്‍നിരക്കാര്‍ കളി മറക്കുന്നതും രാഹുല്‍ ദ്രാവിഡിന്‌ തുണയാവുന്നു. സെപ്‌തംബറില്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫി ക്രിക്കറ്റിനുള്ള മുപ്പതംഗ ഇന്ത്യന്‍ സാധ്യതാ ടീമിനെ ഇന്നലെ സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചപ്പോള്‍ ദ്രാവിഡിന്‌ സ്ഥാനം ലഭിച്ചത്‌ മേല്‍പ്പറഞ്ഞ രണ്ട്‌ വ്യക്തമായ കാരണങ്ങളാലാണ്‌. രണ്ട്‌ വര്‍ഷത്തോളമായി ഇന്ത്യന്‍ ഏകദിന സംഘത്തില്‍ അംഗമല്ല ദ്രാവിഡ്‌. അദ്ദേഹം അവസാനമായി രാജ്യത്തിനായി ഏകദിനം കളിച്ചത്‌ 2007 ഒക്ടോബറില്‍ നാഗ്‌പ്പൂരില്‍ ഓസ്‌ട്രേലിയക്കെതിരെയായിരുന്നു. മഹേന്ദ്രസിംഗ്‌ ധോണി ഇന്ത്യന്‍ ഏകദിന ടീമിന്റെ നായകനാവുകയും ടീം കൂടുതല്‍ മല്‍സരങ്ങള്‍ ജയിക്കുകയും ചെയ്‌തതിനെ തുടര്‍ന്നാണ്‌ ഏകദിന സംഘത്തില്‍ നിന്ന്‌ ദ്രാവിഡ്‌ ഉള്‍പ്പെടെയുളള സീനിയര്‍ താരങ്ങളെ മാറ്റിനിര്‍ത്തിയത്‌. സാധ്യതാ സംഘത്തില്‍ നിന്ന്‌ തഴയപ്പെട്ടവര്‍ ഇര്‍ഫാന്‍ പത്താനും എസ്‌.ശ്രീശാന്തുമാണ്‌. ഇര്‍ഫാനെ പുറത്താക്കിയതിന്‌ കാരണമില്ല. ശ്രീശാന്ത്‌ അല്‍പ്പകാലമായി പുറം വേദനക്ക്‌ ചികില്‍സയിലാണ്‌.
ഇന്നലെ ഇവിടെ ചേര്‍ന്ന യോഗത്തില്‍ വെച്ച്‌ സെലക്ട്‌ ചെയ്യപ്പെട്ട താരങ്ങള്‍ ഇവരാണ്‌: എം.എസ്‌ ധോണി, വീരേന്ദര്‍ സേവാഗ്‌, ഗൗതം ഗാംഭീര്‍, യുവരാജ്‌ സിംഗ്‌, രോഹിത്‌ ശര്‍മ്മ, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്‌, സുരേഷ്‌ റൈന, യൂസഫ്‌ പത്താന്‍, അഭിഷേക്‌ നായര്‍, ഇഷാന്ത്‌ ശര്‍മ്മ, സഹീര്‍ഖാന്‍, ആര്‍.പി സിംഗ്‌, പ്രവീണ്‍ കുമാര്‍, ഹര്‍ഭജന്‍സിംഗ്‌, പ്രഗ്യാന്‍ ഒജ, രവീന്ദു ജഡേജ, ദിനേശ്‌ കാര്‍ത്തിക്‌, മുനാഫ്‌ പട്ടേല്‍, ആര്‍.അശ്വിന്‍, എം.വിജയ്‌, അമിത്‌ മിശ്ര, അജിന്‍ക രഹാനെ, ധവാല്‍ കുല്‍ക്കര്‍ണി, എസ്‌.ബദരീനാഥ്‌, ആശിഷ്‌ നെഹ്‌റ, വീരാത്‌ കോഹ്‌ലി, ഭുവനേശ്വര്‍ കുമാര്‍ സിംഗ്‌, റിഥിമാന്‍സാഹ, പങ്കജ്‌ സിംഗ്‌.
ഐ.പി.എല്‍ ക്രിക്കറ്റില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ്‌ സംഘം ഫൈനല്‍ വരെയെത്തിയതില്‍ രാഹുല്‍ ദ്രാവിഡിന്റെ ബാറ്റിംഗിന്‌ കാര്യമായ പങ്കുണ്ടായിരുന്നു. ഏകദിന ക്രിക്കറ്റിനും, 20-20 ക്രിക്കറ്റിനും അനുയോജ്യനല്ല ദ്രാവിഡെന്ന പ്രചാരണത്തിനിടെയാണ്‌ മികച്ച പ്രകടനങ്ങളുമായി ലഭിക്കുന്ന അവസരങ്ങള്‍ അദ്ദേഹം ഉപയോഗപ്പെടുത്തിയത്‌. ഇതാണ്‌ സെലക്ടര്‍മാരുടെ പിന്തുണക്ക്‌ കാരണം. രാജ്യത്തിനായി 333 ഏകദിനങ്ങള്‍ കളിച്ചിട്ടുണ്ട്‌ ദ്രാവിഡ്‌. ബാറ്റിംഗ്‌ ശരാശരി 39.49 ആണ്‌. ഏകദിന ക്രിക്കറ്റില്‍ പതിനായിരം റണ്‍സ്‌ പിന്നിട്ട മൂന്നാമത്തെ ബാറ്റ്‌സ്‌മാനായ ദ്രാവിഡ്‌ ഷോട്ട്‌ പിച്ച്‌ പന്തുകളെ പ്രതിരോധിക്കുന്നതിലും മിടുക്കനാണ്‌.
ഇംഗ്ലണ്ടില്‍ നടന്ന 20-20 ലോകകപ്പില്‍ ഇന്ത്യ പരാജയപ്പെടാന്‍ പ്രധാന കാരണമായത്‌ ഷോട്ട്‌ പിച്ച്‌ പന്തുകള്‍ പ്രതിരോധിക്കുന്നതില്‍ യുവ താരങ്ങളായ രോഹിത്‌ ശര്‍മ്മയും സുരേഷ്‌ റൈനയും ഗൗതം ഗാംഭീറും യൂസഫ്‌ പത്താനുമെല്ലാം പരാജയപ്പെട്ടതാണ്‌. പുതിയ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാരെ കബളപ്പിക്കാന്‍ ഏറ്റവും നല്ല ആയുധം ഷോട്ട്‌ പിച്ച്‌ പന്തുകളാണെന്ന്‌ ദക്ഷിണാഫ്രിക്കയുടെയും വിന്‍ഡീസിന്റെയും ഇംഗ്ലണ്ടിന്റെയുമെല്ലാം ബൗളര്‍മാര്‍ തെളിയിച്ചിരുന്നു.
പാക്കിസ്‌താനില്‍ നിശ്ചയിച്ചിരുന്ന ചാമ്പ്യന്‍സ്‌ ട്രോഫി വളരെ വൈകി ദക്ഷിണാഫ്രിക്കയില്‍ നടക്കുമ്പോള്‍ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാര്‍ക്ക്‌ വെല്ലുവിളി ഷോട്ട്‌ പിച്ച്‌ പന്തുകള്‍ തന്നെയായിരിക്കും.

ഇര്‍ഫാന്‌ തിരിച്ചടി
ബറോഡ: ശിവാംഗി ദേവിനെ ജീവിതസഖിയാക്കി ലഭിച്ചതിലുള്ള ആഹ്ലാദത്തിലായിരുന്നു കുറച്ച്‌ ദിവസമായി ഇര്‍ഫാന്‍ പത്താന്‍. പക്ഷേ ഇന്നലെ അദ്ദേഹത്തിന്‌ കനത്ത ആഘാതമേകിയാണ്‌ ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ വെച്ച്‌ ഇന്ത്യന്‍ സെലക്ടര്‍മാര്‍ ചാമ്പ്യന്‍സ്‌ ട്രോഫിക്കുള്ള സാധ്യതാ ടീമിനെ പ്രഖ്യാപിച്ചത്‌. ഇന്ത്യന്‍ ക്രിക്കറ്റിലെ മുപ്പത്‌ പ്രതിഭകളെ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ അതില്‍ ഇടം നേടാന്‍ കഴിയാത്തതിന്റെ കാരണം ഇര്‍ഫാന്‌ വ്യക്തമല്ല. കപില്‍ദേവിന്‌ ശേഷം ഇന്ത്യക്ക്‌ ലഭിച്ച ഏറ്റവും മികച്ച ഓള്‍റൗണ്ടറായി വിശേഷിപ്പിക്കപ്പെട്ട ബറോഡ ബോംബര്‍ ഇപ്പോള്‍ സെലക്ടര്‍മാര്‍ക്ക്‌ അനഭിമതനായതിന്റെ കാരണം വ്യക്തമല്ല. ഇംഗ്ലണ്ടില്‍ നടന്ന 20-20 ലോകകപ്പില്‍ ഇര്‍ഫാന്‍ കളിച്ചിരുന്നു. അതിന്‌ ശേഷം ഇന്ത്യന്‍ ടീം വിന്‍ഡീസില്‍ പര്യടനം നടത്തിയപ്പോള്‍ ആ സംഘത്തില്‍ അദ്ദേഹമുണ്ടായിരുന്നില്ല. പരുക്കില്‍ നിന്നെല്ലാം മുക്തനായി സജീവ ക്രിക്കറ്റില്‍ ശക്തനായി നിലകൊള്ളുകയാണിപ്പോള്‍ ഇര്‍ഫാന്‍ . ഈ സമയത്താണ്‌ സെലക്ടര്‍മാര്‍ ചതിച്ചിരിക്കുന്നത്‌. ഇര്‍ഫാനെ കൂടാതെ എസ്‌.ശ്രീശാന്ത്‌, റോബിന്‍ ഉത്തപ്പ എന്നിവരെയെല്ലാം തഴഞ്ഞിട്ടുണ്ട്‌.
കഴിഞ്ഞയാഴ്‌ച്ചയാണ്‌ ഇര്‍ഫാന്റെ ആറ്‌ വര്‍ഷം ദീര്‍ഘിച്ച പ്രണയത്തിന്‌ വീട്ടുകാരുടെ അംഗീകാരം ലഭിച്ചത്‌. ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്റെ മകളായ ശിവാംഗി അവിടെ ചാര്‍ട്ടേഡ്‌്‌ അക്കൗണ്ടന്റാണ്‌. ഓസ്‌ട്രേലിയന്‍ ആസ്ഥാനമായ കാന്‍ബറയില്‍ വെച്ചാണ്‌ ഇര്‍ഫാന്‍ ശിവാംഗിയെ ആദ്യമായി കണ്ടത്‌. ആദ്യ കാഴ്‌ച്ചയില്‍ തന്നെ അനുരാഗം പൂത്തെങ്കിലും അത്‌ കാര്യമായിരുന്നില്ല. പക്ഷേ പിന്നീട്‌ പലപ്പോഴായി ഇരുവരും മുഖാമുഖം കണ്ടു. വിവാഹകാര്യം ചോദിച്ചപ്പോള്‍ ശിവാംഗി അനുകൂല മറുപടിയാണ്‌ ഇര്‍ഫാന്‌ നല്‍കിയത്‌. അപ്പോഴും രണ്ട്‌ കുടുംബങ്ങളും അംഗീകരിച്ചില്ല. രണ്ടാഴ്‌ച്ച മുമ്പാണ്‌ പ്രണയത്തിന്റെ ആഴം മനസ്സിലാക്കി വീട്ടുകാര്‍ പച്ചകൊടി കാട്ടിയത്‌. ബറോഡയില്‍ വെച്ച്‌ പരമ്പരാഗത രീതിയില്‍ വിവാഹം നടത്തുമെന്ന്‌ പ്രഖ്യാപിച്ച്‌ ഇര്‍ഫാന്‍ സന്തോഷവാനായി നില്‍ക്കവെയാണ്‌്‌ ഇരുട്ടടിയായി സെലക്ടര്‍മാരുടെ തീരുമാനമെത്തിയത്‌.

ഇപ്പോഴും അവിശ്വസനീയം
ലണ്ടന്‍: ടെന്നിസ്‌ ലോകത്തിന്റെ നെറുകയിലാണ്‌ താനെന്ന്‌ വിശ്വസിക്കാന്‍ കഴിയുന്നില്ല റോജര്‍ ഫെഡ്‌റര്‍ക്ക്‌....പതിനഞ്ച്‌ ഗ്രാന്‍ഡ്‌സ്ലാം കിരീടങ്ങളുമായി, പീറ്റ്‌ സംപ്രാസിനേക്കാളും ഉയരത്തില്‍ നില്‍ക്കുമ്പോള്‍ അതങ്ങ്‌ പൂര്‍ണ്ണമായും ഉള്‍കൊള്ളാന്‍ കഴിയാതെ വിനീതനാവുകയാണ്‌ ഇരുപത്തേഴുകാരന്‍. കഴിഞ്ഞ ദിവസം നടന്ന വിംബിള്‍ഡണ്‍ ഫൈനലില്‍ അമേരിക്കന്‍ താരം ആന്‍ഡി റോഡിക്കിനെ അഞ്ച്‌ സെറ്റ്‌്‌ ദീര്‍ഘിച്ച മാരത്തോണ്‍ പോരാട്ടത്തില്‍ തോല്‍പ്പിച്ചത്‌ വഴി ഫെഡ്‌ററുടെ സമ്പാദ്യത്തിലെത്തിയത്‌ പതിനഞ്ചാമത്‌ ഗ്രാന്‍ഡ്‌സ്ലാം കിരീടമായിരുന്നു. അമേരിക്കയുടെ ഇതിഹാസ താരം പീറ്റ്‌ സംപ്രാസ്‌ നേടിയ പതിനാല്‌ കിരീടങ്ങളായിരുന്നു ഇത്‌ വരെയുള്ള റെക്കോര്‍ഡ്‌. ഫെഡ്‌റര്‍ റെക്കോര്‍ഡ്‌ സ്വന്തമാക്കുന്നത്‌ കാണാന്‍ വിംബിള്‍ഡണ്‍ സെന്റര്‍ കോര്‍ട്ടില്‍ സംപ്രാസും ബ്യോണ്‍ ബോര്‍ഗുമെല്ലാമെത്തിയിരുന്നു. ലോകം കീഴടക്കിയ താരങ്ങളുടെ സാന്നിദ്ദ്യത്തില്‍ ഏറ്റവും മികച്ച മല്‍സരം കളിക്കാനായതും റെക്കോര്‍ഡ്‌ നേടാനായതും ഒരു സ്വപ്‌നം പോലെയാണ്‌ തോന്നുന്നതെന്ന്‌ സ്വിസുകാരന്‍ പറഞ്ഞു.
എനിക്കിപ്പോഴും ഒന്നും വിശ്വസിക്കാന്‍ കഴിയുനനില്ല. കഴിഞ്ഞ രണ്ടാഴ്‌ച്ചയായി എനിക്ക്‌ ചുറ്റും പലതും നടക്കുന്നു. എനിക്ക്‌ മാത്രമല്ല ലോക ടെന്നിസിനും പ്രിയപ്പെട്ട ദിനത്തില്‍ എല്ലാവരോടും നന്ദി പറയുകയാണെന്ന്‌ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
ഫൈനല്‍ മല്‍സരത്തില്‍ അല്‍പ്പം സമ്മര്‍ദ്ദമധികമായിരുന്നുവെന്ന്‌ ഫെഡ്‌റര്‍ സമ്മതിച്ചു. ടെന്നിസ്‌ ചരിത്രത്തില്‍ സ്ഥാനം പിടിക്കാന്‍ പോവുന്ന ഒരു മല്‍സരത്തിലാണ്‌ കളിക്കുന്നത്‌. കളി കാണാന്‍ പീറ്റ്‌ സംപ്രാസ്‌ ഉള്‍പ്പെടെ ടെന്നിസ്‌ ലോകത്തെ വിഖ്യാതരായ താരങ്ങള്‍-ഈ അതിസമ്മര്‍ദ്ദത്തിലും നോര്‍മല്‍ ഗെയിം കളിക്കാനാണ്‌ ശ്രമിച്ചത്‌. ആന്‍ഡി റോഡിക്‌ ശക്തനായ പ്രതിയോഗിയായിരുന്നു. ആദ്യ സെറ്റ്‌ അദ്ദേഹം നേടിയപ്പോള്‍ പരിഭ്രമം തോന്നിയില്ല. മല്‍സരത്തിലേക്ക്‌ പതുക്കെ കടന്നുചെല്ലാനാണ്‌ താന്‍ ശ്രമിച്ചതെന്നും ആറാം തവണ വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കിയ ഫെഡ്‌റര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ സെന്റര്‍ കോര്‍ട്ടില്‍ നടന്ന അവസാന പോരാട്ടത്തില്‍ റാഫേല്‍ നദാലിന്‌ മുന്നില്‍ ഫെഡ്‌റര്‍ പരാജയപ്പെട്ടിരുന്നു. അന്നും അതിസമ്മര്‍ദ്ദം തന്നെയായിരുന്നു പ്രശ്‌നം. തുടര്‍ച്ചയായി അഞ്ച്‌ തവണ കിരീടം സ്വന്തമാക്കിയ മൈതാനമായിട്ടും നദാലിനെ നേരിട്ടപ്പോഴുണ്ടായ ടെന്‍ഷനാണ്‌ അന്ന്‌ വില്ലനായത്‌. അത്തരം സംഭവം ആവര്‍ത്തിക്കരുതെന്ന്‌ മനസ്സിലാക്കി തന്നെയാണ്‌ കളിച്ചത്‌. ഫൈനല്‍ തലേന്ന്‌ നടത്തിയ ഡിന്നര്‍ പാര്‍ട്ടിയില്‍ വെച്ച്‌ കണ്ടപ്പോള്‍ എല്ലാവരും ആകാംക്ഷയോടെ ചോദിച്ചിരുന്നു റെക്കോര്‍ഡ്‌ തകര്‍ക്കുമോയെന്ന്‌. അപ്പോള്‍ മുതല്‍ സമര്‍ദ്ദമായിരുന്നു. കാണികളും മാധ്യമങ്ങളുമെല്ലാം എന്നെ നോട്ടമിട്ടിരിക്കയാണ്‌ എന്ന്‌ വ്യക്തമായിരുന്നു. രണ്ട്‌ മണിക്കൂര്‍ മാത്രമാണ്‌ ഉറങ്ങാന്‍ കഴിഞ്ഞത്‌. പക്ഷേ മല്‍സരത്തില്‍ അതൊന്നും കാര്യമായില്ല.
ഫൈനല്‍ പോരാട്ടത്തിന്‌ ശേഷം റോഡിക്കിനോടുളള തന്റെ അനുകമ്പ പ്രകടപ്പിക്കാന്‍ ഫെഡ്‌റര്‍ മറന്നില്ല. ചരിത്ര നേട്ടത്തിന്‌ കഴിഞ്ഞിട്ടും അമിതാഹ്ലാദം പ്രകടിപ്പിക്കാതിരുന്നത്‌ റോഡിക്കിന്റെ മനസ്സ്‌ അറിയുന്നത്‌ കൊണ്ടാണെന്ന്‌ സൂപ്പര്‍താരം പറഞ്ഞു.
നാല്‌ മണിക്കൂറിലധികം ദീര്‍ഘിച്ച ഫൈനല്‍. ഒപ്പത്തിനൊപ്പമുളള മല്‍സരം. പക്ഷേ ഒരു ഘട്ടത്തില്‍ പോലും ഫെഡ്‌റര്‍ക്ക്‌ തളര്‍ച്ച തോന്നിയിരുന്നില്ല. രണ്ടാം സെറ്റില്‍ നല്ല സര്‍വുകളും കനമുളള റിട്ടേണുകളും പായിക്കാനായപ്പോള്‍ തീര്‍ച്ചയായും പതറാതെ കളിച്ചാല്‍ കിരീടം ലഭിക്കുമെന്ന്‌ തോന്നിയതായും ടൈഗര്‍ വുഡ്‌സിനെയും മൈക്കല്‍ ജോര്‍ദ്ദാനെയും മൈക്കല്‍ ഷുമാക്കറിനെയുമെല്ലാം ഇഷ്ടപ്പെടുന്ന ടെന്നിസ്‌ ഇതിഹാസം പറഞ്ഞു.

ലീ ആഘാതം
കാര്‍ഡിഫ്‌: ആഷസ്‌ പരമ്പരക്കൊരുങ്ങുന്ന ഓസ്‌ട്രേലിയക്ക്‌ കനത്ത ആഘാതം.... ടീമിലെ സീനിയര്‍ ബൗളറായ ബ്രെട്ട്‌ ലീക്ക്‌ പുറം വേദന കാരണം പരമ്പരയിലെ ആദ്യ രണ്ട്‌ ടെസ്റ്റുകളില്‍ കളിക്കാന്‍ കഴിയില്ല. ആഷസ്‌ പരമ്പരയിലെ ആദ്യ ടെസ്‌റ്റ്‌ ഈയാഴ്‌ച്ച കാര്‍ഡിഫിലും രണ്ടാം ടെസ്റ്റ്‌ ലോര്‍ഡ്‌സിലുമാണ്‌ നടക്കുന്നത്‌. ഇംഗ്ലണ്ട്‌ ലയണ്‍സിനെതിരായ സന്നാഹ മല്‍സരത്തില്‍ മികച്ച പ്രകടനം നടത്തിയ ലീ കാര്‍ഡിഫ്‌ ടെസ്റ്റില്‍ കളിക്കുമെന്നുറപ്പായിരുന്നു. പക്ഷേ ഇന്നലെ പരിശീലനത്തില്‍ നിന്നും വിട്ട ലീ മെഡിക്കല്‍ ടെസ്റ്റിന്‌ വിധേയനായപ്പോഴാണ്‌ പരുക്ക്‌ വില്ലനാവുമെന്ന്‌ തീര്‍ച്ചയായത്‌. റിവേഴ്‌സ്‌ സ്വിംഗുകള്‍ വഴി ഇംഗ്ലീഷ്‌ ബാറ്റ്‌സ്‌മാന്മാരെ വിറപ്പിക്കാന്‍ കഴിയുമായിരുന്ന ലീക്ക്‌ പകരം സ്റ്റ്യൂവര്‍ട്ട്‌ ക്ലാര്‍ക്കിനായിരിക്കും ആദ്യ ടെസ്‌റ്റില്‍ അവസരം. 76 ടെസ്റ്റുകളില്‍ നിന്നായി 310 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുള്ള ലീ ഓസീസ്‌ സംഘത്തിലെ സീനിയര്‍ ബൗളറെന്നതിനുപരി ടീമിന്‌ നല്ല തുടക്കം നല്‍കാന്‍ കഴിയുന്ന താരം കൂടിയാണ്‌. ആഷസ്‌ കിരീടം നിലനിര്‍ത്തുക എന്ന ലക്ഷ്യവുമായെത്തിയ റിക്കി പോണ്ടിംഗിനും സംഘത്തിനും ലീയുടെ പരുക്ക്‌ ആഘാതമാവുമെന്നാണ്‌ കരുതപ്പെടുന്നത്‌.

ഗാലിയില്‍ ആവേശം
ഗാലി: പാക്കിസ്‌താനും ശ്രീലങ്കയും തമ്മിലുളള ആദ്യ ടെസ്‌റ്റ്‌ ആവേശകരമായ അന്ത്യത്തിലേക്ക്‌. ബൗളര്‍മാരെ തുണക്കുന്ന ഗാലി ട്രാക്കില്‍ ഇന്നത്തെ അവസാന ദിവസത്തില്‍ 97 റണ്‍സ്‌ കൂടി സ്വന്തമാക്കാന്‍ കഴിഞ്ഞാല്‍ പാക്കിസ്‌താന്‌ വിജയം വരിക്കാം. പക്ഷേ ഗാലിയില്‍ അവസാന ദിവസത്തില്‍ കൂടുതല്‍ റണ്‍സ്‌ സ്വന്തമാക്കാന്‍ ഒരു ടീമിനും കഴിഞ്ഞിട്ടില്ല എന്ന സത്യം പാക്കിസ്‌താനെ തുറിച്ചു നോക്കുന്നുണ്ട്‌. 168 റണ്‍സ്‌ എന്ന വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സ്‌ ആരംഭിച്ച പാക്കിസ്‌താന്‍ നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട്‌്‌ വിക്കറ്റിന്‌ 71 റണ്‍സ്‌ എന്ന നിലയിലാണ്‌. ആദ്യ ഇന്നിംഗ്‌സില്‍ 292 റണ്‍സ്‌ നേടിയ ലങ്ക രണ്ടാം ഇന്നിംഗ്‌സിലും നിരാശപ്പെടുത്തി. 217 റണ്‍സ്‌ മാത്രമാണ്‌ അവര്‍ക്ക്‌ സ്‌ക്കോര്‍ ചെയ്യാന്‍ കഴിഞ്ഞത്‌. പാക്കിസ്‌താന്‍ ആദ്യ ഇന്നിംഗ്‌സില്‍ 342 റണ്‍സ്‌ നേടിയിരുന്നു. 34 റണ്‍സിന്‌ മൂന്ന്‌ വിക്കറ്റ്‌ നേടിയ സ്‌പിന്നര്‍ സയദ്‌ അജ്‌മല്‍, 38 റണ്‍സിന്‌ മൂന്ന്‌ പേരെ തിരിച്ചയച്ച പേസര്‍ മുഹമ്മദ്‌ ആമിര്‍, 27 റണ്‍സിന്‌ രണ്ട്‌ വിക്കറ്റ്‌ നേടിയ നായകന്‍ യൂനസ്‌ഖാന്‍ എന്നിവരുടെ മികവാണ്‌ പാക്കിസ്‌താന്‌ കരുത്തായത്‌.
മികച്ച ബാറ്റിംഗ്‌ ലൈനപ്പുളള ലങ്കക്ക്‌ രാവിലെ തന്നെ ഉമര്‍ ഗുല്‍ ആഘാതമേല്‍പ്പിച്ചിരുന്നു. ഉച്ചക്ക്‌ ശേഷം ആമിറിന്റെ ഊഴമായിരുന്നു. ലങ്കന്‍ നായകന്‍ സങ്കക്കാരയെയും മുന്‍ നായകന്‍ മഹേല ജയവര്‍ദ്ധനയെയും ഒന്നാം ഇന്നിംഗ്‌സിലെ ടോപ്‌ സ്‌ക്കോറര്‍ പരണവിതാനയെയും ആമിര്‍ പുറത്താക്കി. ഇന്ന്‌ ബൗളര്‍മാരിലാണ്‌ ലങ്കന്‍ നോട്ടം. മുത്തയ്യ മുരളിധരനാണ്‌ സാധാരണ ഗതിയില്‍ ഗാലിയെ താരമാവാറുളളത്‌. അദ്ദേഹം പരുക്ക്‌്‌ കാരണം പുറത്താണ്‌. പകരമുളള അജാന്ത മെന്‍ഡിസിന്‌ ആദ്യ ഇന്നിംഗ്‌സില്‍ ഇരകളെ ലഭിച്ചിരുന്നില്ല. ഇന്നലെ പാക്‌ ഓപ്പണര്‍ ഖുറം മന്‍സൂറിനെ പുറത്താക്കാന്‍ കഴിഞ്ഞതിന്റെ ആവേശം മെന്‍ഡിസിനുണ്ട്‌. നുവാന്‍ കുലശേഖര, തിലാന്‍ തുഷാര, മാത്യൂസ്‌ എന്നിവരാണ്‌ പേസര്‍മാര്‍. 28 റണ്‍സ്‌ നേടിയ സല്‍മാന്‍ ഭട്ടിനൊപ്പം 12 റണ്‍സുമായി ഒന്നാം ഇന്നിംഗ്‌സിലെ സെഞ്ച്വറിക്കാരന്‍ മുഹമ്മദ്‌ യൂസഫാണ്‌ ക്രീസില്‍. രണ്ട്‌ പന്തില്‍ മൂന്ന്‌ റണ്‍സുമായി നായകന്‍ യൂനസ്‌ പുറത്തായത്‌ മാത്രമാണ്‌ പാക്കിസ്‌താന്‌ നാലാം ദിവസത്തില്‍ ക്ഷീണമായത്‌.

കര്‍ണ്ണാടക ഫുട്‌ബോളര്‍ ജീവനൊടുക്കി
ബാംഗ്ലൂര്‍: കര്‍ണ്ണാടകാ ഫുട്‌ബോളര്‍ ഏ.രവീന്ദ്രന്‍ എന്ന വേലു വിഷം കഴിച്ച്‌ ആത്മഹത്യ ചെയ്‌തു. ജീവിത പ്രാരാബ്‌ധമാണ്‌ ആത്മഹത്യക്ക്‌ കാരണമെന്ന്‌ കരുതുന്നു. ബാംഗ്ലൂര്‍ സി.ഐ.എല്‍ ടീമില്‍ അതിഥി താരമായി കളിച്ച വേലു ദീര്‍ഘകാലമായി ബാംഗ്ലൂര്‍ സീനിയര്‍ ഡിവിഷന്‍ ലീഗില്‍ കളിക്കുന്നു.

ഇവിടെ തന്നെ
ലണ്ടന്‍: എന്ത്‌ വില നല്‍കിയാലും ജോണ്‍ ടെറിയെ ചെല്‍സി വില്‍ക്കില്ലെന്ന്‌ ടീമിന്റെ പുതിയ കോച്ച്‌ കാര്‍ലോസ്‌ അന്‍സലോട്ടി. ചെല്‍സി നായകന്‌ വേണ്ടി മാഞ്ചസ്‌റ്റര്‍ സിറ്റി രംഗത്തിറങ്ങിയ സാഹചര്യത്തിലാണ്‌ അന്‍സലോട്ടി നിലപാട്‌ വ്യക്തമാക്കിയത്‌. ചെല്‍സിയുടെ ചിഹ്നമാണ്‌ ടെറി. അദ്ദേഹത്തെ ആര്‍ക്കും നല്‍കില്ല. ചെല്‍സിയുടെ ആജീവനാന്ത താരമാണ്‌ ടെറി. അതില്‍ മാറ്റമില്ല. മാഞ്ചസ്റ്റര്‍ സിറ്റിക്ക്‌ ടെറിയെ ചോദിക്കാം. പക്ഷേ വിട്ടുകൊടുക്കാന്‍ ചെല്‍സി ഒരുക്കമല്ലെന്ന്‌ കോച്ച്‌ വ്യക്തമാക്കി.

തല്‍ക്കാലമില്ല
മ്യൂണിച്ച്‌്‌: തല്‍്‌കാലം ബയേണ്‍ മ്യൂണിച്ച്‌ വിട്ട്‌ എങ്ങോട്ടുമില്ലെന്ന്‌ ഫ്രഞ്ച്‌ മധ്യനിരക്കാരന്‍ ഫ്രാങ്ക്‌ റിബറി. ബയേണ്‍ വിട്ട്‌ താന്‍ റയല്‍ മാഡ്രിഡിലേക്ക്‌ ചേക്കേറുന്നതായുള്ള വാര്‍ത്തകളില്‍ പ്രതികരിക്കവെ ഇങ്ങനെ താന്‍ ആരോടും പറഞ്ഞിട്ടില്ലെന്നും തല്‍ക്കാലം കൂടുമാറാന്‍ ഉദ്ദേശിക്കുന്നില്ലെന്നും റിബറി പറഞ്ഞു. ബയേണ്‍ എന്റെ ക്ലബാണ്‌. അവരുമായാണ്‌ കരാര്‍. അവിടെ നിന്ന്‌ മാറണമെങ്കില്‍ പുതിയ ഓഫര്‍ വേണം. പുതിയ ഓഫര്‍ വന്നല്‍ സംസാരിക്കാമെന്ന്‌ മാത്രമാണ്‌ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.